This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലാര്‍ക്ക്, സാമ്വല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലാര്‍ക്ക്, സാമ്വല്‍

Clarke, Samuel (1675 - 1729)

സാമ്വല്‍ ക്ലാര്‍ക്ക്

ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞന്‍. മെറ്റാഫിസിക്സിലും വിദഗ്ധനായിരുന്നു സാമ്വല്‍ ക്ലാര്‍ക്ക്. 1675 ഒ. 11-ന് എഡ്വേഡിന്റെയും ഹന്നയുടെയും മകനായി ഇംഗ്ലണ്ടിലെ നോര്‍വിച്ചില്‍ ജനിച്ചു. നോര്‍വിച്ച് ഫ്രീ സ്കൂളില്‍ വിദ്യാഭ്യാസത്തിനുശേഷം 1690-ല്‍ കേംബ്രിജിലെ ഗോണ്‍വില്‍-കേയുസ് (Caius) കോളജില്‍ ചേര്‍ന്ന സാമ്വല്‍ ക്ലാര്‍ക്ക് 1695-ല്‍ ബി.എ. ബിരുദം നേടി.

സാമ്വല്‍ ക്ലാര്‍ക്കിന്റെ പ്രത്യേകാഭിരുചി ഭൗതികശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലുമായിരുന്നു. ന്യൂട്ടന്റെ പ്രിന്‍സിപ്പിയ എന്ന ഭൗതികശാസ്ത്ര മൗലികഗ്രന്ഥം ഇദ്ദേഹം സമഗ്രമായി ഹൃദിസ്ഥമാക്കി. 1696-ല്‍ കോളജിലെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം നാലു വര്‍ഷം ഈ സ്ഥാനത്തുതുടര്‍ന്നു. അധ്യാപകനായിരുന്ന സര്‍ ജോണ്‍ എല്ലിസിന്റെ നിര്‍ദേശപ്രകാരം ന്യൂട്ടോണിയന്‍ ഭൗതികത്തിലെ ആശയങ്ങള്‍ സരളമാകുംവിധം ഇദ്ദേഹം ജാക്വിസ് റോഹോള്‍ടിന്റെ 'ഭൗതികശാസ്ത്ര' ഗ്രന്ഥത്തിനു ടിപ്പണിയും അനുബന്ധവും രചിച്ചു. 1723-ല്‍ ഇദ്ദേഹത്തിന്റെ സഹോദരന്‍ ഈ പതിപ്പിന് ഇംഗ്ലീഷില്‍ വിവര്‍ത്തനം തയ്യാറാക്കുകയുണ്ടായി.

1698-ല്‍ നോര്‍വിച്ച് ബിഷപ്പിന്റെ ചാപ്ലെയിന്‍ (Chaplain) ആയി സാമ്വല്‍ ക്ലാര്‍ക്ക് നിയമിതനാകുകയും കേംബ്രിജില്‍ നിന്ന് എം.എ. ബിരുദമെടുക്കുകയും ചെയ്തു. നോര്‍വിച്ചില്‍ നല്ലൊരു പ്രഭാഷകനായി ക്ലാര്‍ക്ക് അംഗീകാരം നേടി. 1704-ല്‍ ബോയില്‍ പ്രസംഗപരമ്പര നടത്താന്‍ ഇദ്ദേഹം ക്ഷണിക്കപ്പെടുകയുണ്ടായി. പ്രസ്തുത പ്രസംഗപരമ്പര, ദ ബീയിങ് ആന്‍ഡ് ആട്രിബ്യൂട്സ് ഒഫ് ഗോഡ് എന്ന പേരില്‍ ഗ്രന്ഥരൂപത്തില്‍ പിന്നീട് പ്രസിദ്ധീകൃതമായി.

ന്യൂട്ടന്‍ 1706-ല്‍ ഓപ്റ്റിക്സ് എന്ന തന്റെ ഗ്രന്ഥം ലാറ്റിനിലേക്കു വിവര്‍ത്തനം ചെയ്യാന്‍ ചുമതലപ്പെടുത്തിയത് ക്ലാര്‍ക്കിനെയായിരുന്നു. പദാര്‍ഥങ്ങളില്‍നിന്നു വ്യത്യസ്തമാണ് ആത്മാവ് എന്ന് ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ ഭൗതികവാദിയായ അന്തോണി കോളിന്‍സും മറ്റുമായി ധാരാളം കത്തിടപാടുകള്‍ ഇദ്ദേഹം നടത്തുകയുണ്ടായി. ചലിക്കുന്ന ഒരു പദാര്‍ഥത്തിന്റെ ബലം ഇദ്ദേഹം കണക്കാക്കിയത് ന്യൂട്ടോണിയന്‍ ഭൗതികമനുസരിച്ചുതന്നെയാണ്. അതിന്റെ ബലം, ദ്രവ്യമാനവും (m) പ്രവേഗവും (v) തമ്മിലുള്ള ഗുണനഫല(mv)മാണ്. എന്നാല്‍ ലൈബ്നിസിന്റെ തത്ത്വമനുസരിച്ച് ഈ ബലം ദ്രവ്യപിണ്ഡവും പ്രവേഗത്തിന്റെ വര്‍ഗവും തമ്മിലുള്ള ഗുണനഫല (mv2)മാണ്. സംവേഗവും (momentum) ചാലകോര്‍ജവും (kinetic energy) തമ്മിലുള്ള വ്യത്യാസമാണ് ഇതിലെ പ്രശ്നമെന്നു ക്ലാര്‍ക്ക് മനസ്സിലാക്കി.

ഒരു വിവര്‍ത്തകനെന്ന നിലയിലും ക്ലാര്‍ക്ക് ഗണ്യമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. 1712-ല്‍ സീസറുടെ കമന്റീസും 1729-ല്‍ ഇലിയഡിന്റെ ആദ്യത്തെ 12 പുസ്തകങ്ങളും ഇദ്ദേഹം വിവര്‍ത്തനം ചെയ്തു. രാഷ്ട്രീയമായി 'വിഗ്' അനുഭാവിയായിരുന്നു ഇദ്ദേഹം.

1729 മേയ് 17-ന് ലണ്ടനില്‍ സാമ്വല്‍ ക്ലാര്‍ക്ക് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍